February 25, 2023
മെര്‍സിസൈഡ് ∙ സ്കൂൾ വിദ്യാർഥിനികളുടെ യൂണിഫോം പാവാടയുടെ നീളം പുരുഷ അധ്യാപകര്‍ പരിശോധിച്ചുവെന്ന് ആരോപിച്ച് വേറിട്ട പ്രതിഷേധം നടത്തുകയാണ് ഇംഗ്ലണ്ടിലെ മെര്‍സിസൈഡ് റെയിന്‍ഫോര്‍ഡ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ. അധ്യാപകരുടെ നടപടിയിൽ പ്രതിഷേധിച്ച് ആൺകുട്ടികൾ പാവാട ധരിച്ചെത്തിയാണ് പ്രതിഷേധം നടത്തിയത്. ഇവർക്ക് പിന്തുണയുമായി രക്ഷിതാക്കളും ഒപ്പമുണ്ട്.
അധ്യാപകര്‍ പാവാടയുടെ നീളം പരിശോധിച്ചതിനെ തുടര്‍ന്ന് വിദ്യാർഥിനികളില്‍ പലരും കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കാലഹരണപ്പെട്ടതും പരിഹാസ്യമായതുമായ പ്രവർത്തിയാണ് സ്‌കൂളിന്റെയും അധ്യാപകരുടേയും ഭാഗത്ത് നിന്നുമുണ്ടായതെന്ന് ആരോപിച്ച് ആയിരം പേര്‍ ഒപ്പ് വച്ച ഒരു ഓണ്‍ലൈന്‍ പെറ്റീഷനും നല്‍കിയിട്ടുണ്ട്. വിദ്യാർഥിനികള്‍ കരഞ്ഞു കൊണ്ട് വീട്ടിലെത്തിയതോടെയാണ് കാര്യങ്ങള്‍ വഷളായതും രക്ഷിതാക്കള്‍ ഇതിനെതിരെ പ്രതികരിച്ചതും.
തന്റെ മകള്‍ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും ക്ലാസിലെ മിടുക്കിയായ അവൾ ഒരു പ്രശ്‌നത്തിലും ചെന്നുപെടാത്ത ആളായിട്ടും ഇത്തരത്തിലുള്ള സംഭവം അവളെ വളരെ അധികം വേദനിപ്പിച്ചുവെന്നും ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തില്‍ വച്ച് ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും മുന്നില്‍ വച്ചാണ് പുരുഷ അധ്യാപകര്‍ തങ്ങളുടെ പാവാടയുടെ നീളം പരിശോധിച്ചതെന്ന് വിദ്യാർഥിനികൾ പറയുന്നു. തങ്ങളുടെ അധ്യാപകര്‍ മോശമായ തരത്തില്‍ കുട്ടികളോട് പെരുമാറിയതിന് തെളിവൊന്നും ഇല്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
ഇത്തരം സംഭവങ്ങൾ വെറുപ്പുളവാക്കുന്നതാണ് സെന്റ് ഹെലൻസിലെ റെയിൻഫോർഡ് ഹൈസ്കൂളിൽ ഇത്തരത്തിൽ സംഭവിച്ചതിൽ ഞാൻ ലജ്ജിക്കുന്നതായും പ്രദേശത്തെ പാർലമെന്റ് അംഗം മേരി റിമ്മർ പറഞ്ഞു. പുരുഷ അധ്യാപകർ പെൺകുട്ടികളുടെ പാവാടയുടെ നീളം അളക്കരുതെന്നും ഇത് വളരെ നിന്ദ്യമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുന്ന നമ്മുടെ നാട്ടിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും ലേബർ പാർട്ടി നേതാവ് കൂടിയായ മേരി റിമ്മർ എം പി പറഞ്ഞു.