February 26, 2023
റെഡിങ് ∙ സ്കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ മരിച്ച നിലയിൽ കണ്ടെത്തിയ റസ്റ്ററന്റ് ഉടമ തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിന്റെ(45) സംസ്കാരം ഇംഗ്ലണ്ടിലെ റെഡിങ്ങിൽ മാർച്ച് രണ്ടിന് നടക്കും. റെഡിങ് സെന്റ് ജെയിംസ് പള്ളിയിൽ ഉച്ചക്ക് 1.30 ന് പൊതുദർശനം ആരംഭിക്കും. തുടർന്ന് മൂന്ന് മണിക്ക് റെഡിങ് സെമിത്തേരിയിൽ സംസ്കാരം നടക്കും. ഫെബ്രുവരി അറിനയായിരുന്നു റസ്റ്ററന്റിനുള്ളിൽ സുനിലിനെ പനി ബാധിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
റെഡിങ്ങിൽ താമസിക്കവെയാണ് സുനിലിന്റെ ഭാര്യ റെയ്ച്ചൽ ബേബി (33) കാൻസർ ബാധിച്ച് മരിച്ചത്. അന്ന് റെയ്ച്ചലിന്റെ സംസ്കാരം നടത്തിയതും റെഡിങ് സെമിത്തേരിയിൽ തന്നെയായിരുന്നു. ലണ്ടനിൽ താമസിക്കവെയാണ് ഭാര്യയ്ക്ക് കാൻസർ രോഗം കണ്ടെത്തുന്നത്. തുടർന്ന് റെഡിങ്ങിലേക്ക് ഇരുവരും താമസം മാറ്റുകയായിരുന്നു. റെയ്ച്ചലിന്റെ മരണ ശേഷമാണ് സുനിൽ സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമിലേക്ക് താമസം മാറിയത്. ഭാര്യയുടെ മരണം സൃഷ്‌ടിച്ച ഒറ്റപ്പെടൽ മറക്കുവാനായിരുന്നു സ്‌കോട്‌ലന്‍ഡിലേക്ക് മാറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു.
റെഡിങ്ങിലും ലണ്ടനിലും ഉള്ള മലയാളി സുഹൃത്തുകള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സുനിലിന്റെയും റെയ്ച്ചലിന്റെയും നിരവധി സുഹൃത്തുക്കൾ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. സുനിലിന്റെ അമ്മയും ബന്ധുക്കളും റെഡിങ്ങിൽ എത്തുമെന്ന് യുകെയിലുള്ള ബന്ധുക്കൾ പറഞ്ഞു. സുനിലിന്റെ സഹോദരിയോടൊപ്പം കാനഡയിലാണ് അമ്മ താമസിക്കുന്നത്.
പൊതുദർശനം നടത്തുന്ന പള്ളിയുടെ വിലാസം:
St James Roman Catholic Church,
Forbury Rd, Reading
Post Code: RG1 3FD
സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം:
Reading Cemetery and Crematorium,
All Hallows Rd, Caversham, Reading
Post Code: RG4 5LP