• Home
  • Detailed News

ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 20-ാം വാര്‍ഷിക ആഘോഷം കെങ്കേമമായി

February 27, 2023

ലണ്ടൻ ∙ യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 20ാം വാര്‍ഷിക ആഘോഷം കെങ്കേമമായി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഗ്ലോസ്റ്ററിലെ ചര്‍ച്ച് ഡൗണ്‍ ഹാളില്‍ തുടങ്ങിയ കലാ സന്ധ്യ എട്ടു മണിക്കൂറോളം നീണ്ടു.ഷോയുടെ മുഖ്യ ആകർഷണമായിരുന്ന പെജന്റ് ഷോയില്‍ മികച്ച ദമ്പതികളായി ഫോറസ്റ്റ് ഓഫ് ഡീനിൽ നിന്നുള്ള ഷാരോൺ അനിത ദമ്പതികളെ തിരഞ്ഞെടുത്തു. 

സ്റ്റാര്‍ സിങ് ഫെയിം വില്യം, ആന്റണി ജോണ്‍, ഡെല്‍സി നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടി ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. ജിഎംഎയുടെ വെല്‍ക്കം ഡാന്‍സ് ഏറെ ശ്രദ്ധേയമായി. ജിഎംഎ അംഗങ്ങള്‍ക്ക് നല്‍കിയ മികച്ച വിരുന്നായി മാറി ഈ ദിവസം.

ജിഎംഎ സെക്രട്ടറി ദേവലാല്‍ സഹദേവന്‍ ഏവർക്കും സ്വാഗതം ആശംസിച്ചു. ജി എം എ പ്രസിഡന്റ് ജോ വില്‍ട്ടണ്‍ അധ്യക്ഷ പ്രസംഗം നടത്തി. ട്രഷറര്‍ മനോജ് വേണുഗോപാല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി . വൈസ് പ്രസിഡന്റ് സന്തോഷ് ലൂക്കോസ് ,ജോയിന്റ് സെക്രട്ടറി സജി വർഗ്ഗീസ്, ജോയിന്റ് ട്രഷറര്‍ സ്റ്റീഫൻ അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ മികച്ച മുന്നൊരുക്കം നടത്തിയാണ് പരിപാടി വിജയകരമാക്കിയത്.

ജിഎംഎയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രവര്‍ത്തന നേട്ടങ്ങൾ ആങ്കർമാരായ ബോബന്‍ ഇലവുങ്കലും അനില മഞ്ജിതും ഒരിക്കൽ കൂടി ഓർമിപ്പിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്ന പേജന്റ് ഷോയില്‍ ആറ് യങ് കപ്പിള്‍സ് ആണ് മത്സരിച്ചത്. മൂന്ന് ഘട്ടങ്ങളായി നടന്ന പെജന്റ് ഷോ ഏവരുടെയും ഹൃദയം കീഴടക്കി. പേജന്റ് ഷോയുടെ മുഖ്യ കോഓർഡിനേറ്ററും അവതാരകനും ആയിരുന്ന റോബി മേക്കരയെ ജി എം എ പൊന്നാടയണിയിച്ച് ആദരിച്ചു. ഷാരോണ്‍ അനിത ദമ്പതികള്‍ പെജന്റ് ഷോയില്‍ വിജയികളായിപ്പോൾ വിജേഷ് രമ്യ ദമ്പതികള്‍ റണ്ണറപ്പായി  ജെയ്‌സണ്‍ മില്‍ഡ ദമ്പതികള്‍ സെക്കന്റ് റണ്ണറപ്പുമായി.  മികച്ച ഫോട്ടോജനിക് കപ്പിൾസ് ആയി ആര്‍ബട്ട് -ശ്വേത ദമ്പതികളും , മോസ്റ്റ് ഐ ഇന്ററാക്ടിവ് കപ്പിളായി ലിനു-രേഷ്മയും മോസ്റ്റ് സ്റ്റൈലിഷ് കപ്പിളായി സഫെയര്‍ ജെസ്‌ന ദമ്പതികളും തിരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ നൈസ്, ദീപ നായർ,മോനി ഷിജോ എന്നിവർ ഫാഷൻ ഷോയുടെ വിധി കർത്താക്കളായിരുന്നു.

ജി എം എയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പ്രകാശനം ചെയ്ത തണൽ മാസിക ജി എം എയുടെ കഴിഞ്ഞ ഇരുപതു വർഷത്തെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. മാസികയുടെ എഡിറ്റർ ബിനു പീറ്റർ, യുക്മ നാഷനൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറക്കു നൽകി ഇരുപതാം വാർഷിക സുവനീർ പ്രകാശനം ചെയ്തു. മാഗസിനു വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ബിനുവിനെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ അനുമോദിച്ചു. ജി എം എ യുടെ പുതിയ ലോഗോയ്ക്ക് വേണ്ടിയുള്ള മത്സരത്തിൽ വിജയിയായ ജെയിംസ് മംഗലത്തിനെ സമ്മാനം നൽകി വേദിയിൽ ആദരിച്ചു. യുവത്വം തുളുമ്പുന്ന ജിഎംഎ യുടെ പുതിയ ലോഗോയുടെ പ്രകാശനവും വേദിയിൽ നടന്നു.

മറക്കാനാകാത്ത ഒരു ദിനം കൂടി അംഗങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് സാധിച്ചു.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India