March 03, 2023
റെഡിങ്∙ സ്കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി അറിന് മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിന്റെ(45) സംസ്കാരം ഇംഗ്ലണ്ടിലെ റെഡിങിൽ നടന്നു. കഴിഞ്ഞ ദിവസം റെഡിങ് സെന്റ് ജെയിംസ് പള്ളിയിൽ ഉച്ചക്ക് 1.30 ന് ആരംഭിച്ച പൊതുദർശനത്തെ തുടർന്ന് നടന്ന ശുശ്രൂഷകൾക്ക് ശേഷം മൂന്നു മണിക്ക് റെഡിങ് സെമിത്തേരിയിലാണു സംസ്കാരം നടന്നത്. 2020 നവംബർ മൂന്നിന് ക്യാൻസറിനെ തുടർന്നു മരണമടഞ്ഞ ഭാര്യ റെയ്ച്ചൽ ബേബിയെ(33) സംസ്‌കരിച്ച സ്ഥലത്ത് തന്നെയാണ് സുനിലിനും അന്ത്യവിശ്രമം ഒരുക്കിയത്.
സംസ്‌കാര ശുശ്രൂഷകൾക്ക് റവ. ക്രിസ്റ്റഫര്‍ ഹീപ്‌സ്, ഫാ. ബിനോയി കുര്യൻ എന്നിവർ നേതൃത്വം നൽകി. മരണ വിവരമറിഞ്ഞു കാനഡയില്‍ നിന്നും എത്തിയ സുനിലിന്റെ അമ്മ ഡോ.വത്സല മോഹന്‍ ജോര്‍ജ്, സഹോദരി വിനു മോഹൻ ജോർജ്, ഭര്‍ത്താവ് അഗസ്റ്റിൻ പരട്ടുകുടി എന്നിവർ ഉൾപ്പടെ നൂറുകണക്കിന് ബന്ധുക്കളും സുഹൃത്തുക്കളും സുനിലിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു. സുനിലിന്റെ ഭാര്യയുടെ മാതാപിതാക്കളായ ടി.എസ്. ബേബി, കെ. ജെ അന്നമ്മ, ബന്ധുക്കൾ എന്നിവർ ഉൾപ്പടെയുള്ളവരുടെ വീഡിയോ സന്ദേശം സംസ്കാര ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.
ഡോക്ടര്‍ ദമ്പതികളും തിരുവനന്തപുരം സ്വദേശികളുമായ പരേതനായ മോഹൻ ജോർജ്, വത്സല എന്നിവരുടെ മകനായ സുനിൽ ബാംഗ്ലൂര്‍ രാമയ്യ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് എന്‍ജിനിയറിങ് പാസായ ശേഷം ഇന്റര്‍നാഷണല്‍ ബിസിനസ്സില്‍ മാസ്റ്റേഴ്‌സ് പഠിക്കാനായാണ് ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്. തുടർന്നാണു റെയ്ച്ചൽ ബേബിയെ വിവാഹം കഴിക്കുന്നതും ലണ്ടനിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതും. എന്നാൽ റെയ്ച്ചലിന് ക്യാൻസർ കണ്ടെത്തിയതിനെ തുടർന്നു റെഡിങിലേക്ക് താമസം മാറ്റുകയായിരുന്നു.
ഭാര്യയുടെ വേര്‍പാട് സൃഷ്ടിച്ച വേദനയിൽ നിന്നും സുനിലിന് ഒരിക്കലും മോചിതനാകാൻ കഴിഞ്ഞിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതേതുടർന്നാണ് സുനിൽ സ്കോട്‌ലന്‍ഡിലേക്ക് എത്തുന്നതും സ്വന്തമായി 'ബ്രെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് സെന്റർ' വാങ്ങുന്നതും അവിടെ തന്നെ ബിസിനസ് സംബന്ധമായി താമാസം ആരംഭിച്ചതും. എന്നാൽ അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ ഭാര്യ റെയ്ച്ചലിനൊപ്പം ഒരേ മണ്ണിൽ അലിഞ്ഞു ചേരുവാൻ വിധി ഒരുങ്ങുകയായിരുന്നു സുനിലിന്.
പനിയെ തുടർന്ന് അവശതകൾ അനുഭവിച്ചിരുന്ന സുനിൽ അമ്മയുമായും സുഹൃത്തുക്കളുമായും ഫോണിൽ സംസാരിച്ചിരുന്നു. അമ്മയുമായുള്ള സംസാരത്തിനിടയിൽ നെഞ്ചുവേദന ഉള്ള കാര്യം സുനിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അമ്മ ഫോണിൽ വിളിച്ചപ്പോൾ സുനിലിനെ കിട്ടിയില്ല. ഇതേ തുടർന്ന് മുൻപു താമസിച്ചിരുന്ന റെഡിങിലെ സുനിലിന്റെ സുഹൃത്തുക്കളുടെ സഹായം തേടി. ഇതേ തുടർന്ന് സുനിലിന്റെ സുഹൃത്തായ ജോബിൻ വയലിൽ പൊലീസിനെ ബന്ധപ്പെടുകയും സ്കോട്‌ലാൻഡിലെ പരിചയക്കാരെ വിളിക്കുകയും ചെയ്തു. ഇതേതുടർന്നു സ്കോടിഷ് പോലീസ് നടത്തിയ അന്വേഷണത്തിലാണു മരണ വിവരം പുറത്തറിഞ്ഞത്.