March 02, 2023
റോം ∙ ഇറ്റാലിയൻ നഗരത്തിലെ പ്രശസ്തമായ പിത്‌സയുടെ രുചി ആസ്വദിച്ച് അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നു വാഷിങ്ടണിലേക്കുള്ള യാത്രാമധ്യേ, ഇവർ സഞ്ചരിച്ചിരുന്ന എക്‌സിക്യൂട്ടീവ് വൺ ഫോക്‌സ്‌ട്രോട്ട് വിമാനം തെക്കൻ ഇറ്റാലിയൻ നഗരമായ നേപ്പിൾസിലെ കപ്പോഡിച്ചിനോ യുഎസ് നേവൽ ബേസിൽ ഇന്ധനം നിറക്കാൻ ലാൻഡു ചെയ്തപ്പോഴാണ് ജിൽ ബൈഡനും സംഘത്തിനും പിത്‌സ കഴിക്കാൻ ആഗ്രഹമുദിച്ചത്.
നേപ്പിൾസിലെ ‘ലാ നോട്ടീസിയ 53’ എന്ന പിത്‍സേരിയയിൽ 10 മാർഗരീത്ത പിത്‍സകളും ഒൻപതു ഡയവോല പിത്‍സകളുമാണ് ഇവർ ഓർഡർ ചെയ്തത്. അമേരിക്കൽ നടനും ടെലിവിഷൻ അവതാരകനുമായ സ്റ്റാൻലി ടുച്ചിയുടെ 'സെർച്ചിംഗ് ഫോർ ഇറ്റലി' എന്ന ഷോയിലൂടെ അമേരിക്കൻ പ്രേക്ഷകർക്ക് ഏറെ പരിചിതമാണ് നേപ്പിൾസിലെ 'ലാ നോട്ടിസിയ 53' പിത്‍സേരിയ. രാത്രി 9.30 നു സൈനിക താവളത്തിൽ പിത്‍സ എത്തിക്കാനായിരുന്നു നിർദ്ദേശം.
യുഎസ് സൈനികർക്കുവേണ്ടിയാണ് ഓർഡർ എന്നു കരുതിയ റസ്റ്ററന്റ് ഉടമ എൻസോ കോസിയ സ്വയം തയാറാക്കിയ പിത്‍സകൾ കൃത്യസമയത്തുതന്നെ സൈനിക താവളത്തിൽ എത്തിച്ചു. അര മണിക്കൂറിനുശേഷം എക്‌സിക്യൂട്ടീവ് വൺ ഫോക്‌സ്‌ട്രോട്ടിൽ നിന്ന് ‘പിത്‍സാസ് ഓൺ ബോർഡ്’ എന്ന സന്ദേശവുമായി ഫോട്ടോ ലഭിച്ചപ്പോഴാണ് ജിൽ ബൈഡനും സംഘവുമായിരുന്നു പിത്‍സ ഓർഡർ ചെയ്തതെന്ന് മനസിലായതെന്ന് എൻസോ കോസിയ പറഞ്ഞു.