• Home
  • Detailed News

സ്റ്റാമ്പ് വില കൂട്ടി റോയൽ മെയിൽ; വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

March 05, 2023

ലണ്ടൻ ∙ സ്റ്റാമ്പ് വില കുത്തനെ കൂട്ടി റോയൽ മെയിൽ. ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന് 15 പെൻസും സെക്കൻഡ് ക്ലാസ് സ്റ്റാമ്പിന് ഏഴു പെൻസുമാണ് ഒറ്റയടിക്ക് കൂട്ടിയത്. വർധന ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 95 പെൻസായിരുന്നു ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന്റെ വില. ഇതാണ് ഒരു പൗണ്ട് പത്ത് പെൻസായി ഉയരുന്നത്. സെക്കൻഡ് ക്ലാസ് സ്റ്റാമ്പിന്റെ വില 68 പെൻസിൽനിന്നും 75 പെൻസായും ഉയരും. 

ചാൾസ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകൾ വിപണിയിൽ വിൽപന ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് സ്റ്റാമ്പ് വില വർധിപ്പിച്ചുള്ള തീരുമാനമുണ്ടായത്.

എഴുത്തുകളുടെ എണ്ണത്തിൽ 25 ശതമാനം കുറവിണ്ടായ പശ്ചാത്തലത്തിലാണ് സ്റ്റാമ്പുവില കൂട്ടാൻ നിർബന്ധിതരായതെന്നാണ് റോയൽ മെയിലിന്റെ വിശദീകരണം. കോവിഡ് പാൻഡമിക്കിന്റെ പശ്ചാത്തലത്തിൽ പോസ്റ്റൽ വ്യവസായം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും റോയൽ മെയിൽ വിശദീകരിക്കുന്നു. 
ഗവൺമെന്റ് റഗുലേറ്ററായ ഓഫ്കോമിന്റെ അനുമതിയോടെയാണ് സ്റ്റാമ്പു വിലയിലെ ഈ വർധന. സാധാരണക്കാർക്ക് പോസ്റ്റൽ സർവീസിന്റ ലഭ്യത ഉറപ്പുവരുത്തക്ക രീതിയിൽ സെക്കൻഡ് ക്ലാസ് സ്റ്റാമ്പിന്റെ വില നിയന്ത്രിക്കാനായിട്ടുണ്ടെന്നാണ്  വിലവർധനയ്ക്ക് അനുമതി നൽകിയതിനെ ഓഫ്കോം ന്യായീകരിക്കുന്നത്. 
സാമ്പത്തിക പ്രതിസന്ധിയും കോവിഡാനന്തര സാഹചര്യങ്ങളും സ്റ്റാഫിന്റെ സമരവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന റോയൽ മെയിൽ നടപ്പു സാമ്പത്തിക വർഷം 350 മുതൽ 450 മില്യന്റെ വരെ നഷ്ടമാണ് പ്രവചിക്കുന്നത്. ഇതും സ്റ്റാമ്പു വില വർധനയ്ക്ക് കാരണമാണ്.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India