March 04, 2023
എക്സീറ്റർ∙അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിൽ പ്രതീക്ഷിക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയെ ജനങ്ങള്‍ ജാഗ്രതയോടെ നേരിടണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ്. പ്രായമായവര്‍ക്കും രോഗസാധ്യത ഏറിയ ജനങ്ങള്‍ക്കുമാണ് ശൈത്യകാലം തിരിച്ചെത്തുമ്പോള്‍ സൂക്ഷിക്കണമെന്ന ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുറഞ്ഞ താപനിലയും ശൈത്യകാല മഴയും പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫിസും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് 6 പുലര്‍ച്ചെ ഒരു മണി മുതല്‍ മാര്‍ച്ച് 8 അർധരാത്രി വരെയാണു മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. ചൂട് നിലനിര്‍ത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ ഉപദേശിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രായം 65ന് മുകളിലുള്ളവരും വീടുകളിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസെങ്കിലും നിലനിര്‍ത്തണമെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.
കൂടുതല്‍ തണുപ്പേറിയ കാറ്റാണു യുകെയിലേക്കു മഞ്ഞ് പെയ്യിക്കുന്നത്. നോര്‍ത്ത് മേഖലയില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില -1 സെല്‍ഷ്യസിലേക്കു താഴ്ത്തുമെന്നാണു മെറ്റ് ഓഫിസ് പ്രവചനം.